കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയുമായി സിപിഎം. കുറ്റ്യാടി സിപിഎം ലോക്കല്‍ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. അഡ്‌ഹോക് കമ്മറ്റിയെ നിയമിക്കാന്‍ തീരുമാനമായി. ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റും കുന്നുമ്മൽ ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. ചന്ദ്രി, ഏരിയ കമ്മിറ്റിയംഗം ടി.കെ. മോഹൻ ദാസ് എന്നിവരെ പുറത്താക്കിയതായാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി നേതാവ് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തിലാണ് നടപടി. പ്രതിഷേധ പ്രകടനം, കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോർച്ച എന്നീ വിഷയങ്ങൾ മുൻനിർത്തിയാണ് നടപടി. നേരത്തെ, കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടിയെ ജില്ല സെക്രട്ടറിയേറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.പി ചന്ദ്രി, മോഹന്‍ദാസ് എന്നിവരെ തരംതാഴ്ത്തി. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാര്‍ഥി മോഹമാണ് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പിന്നിലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഎം കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുനല്‍കുകയായിരുന്നു. മുഹമ്മദ് ഇക്ബാലിനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കുകയും ചെയ്തു. ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കളും അണികളും പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന്, സീറ്റ് കേരള കോൺഗ്രസ് സിപിഎമ്മിന് തന്നെ തിരിച്ചു നൽകുകയും കെ പി. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കുകയുമായിരുന്നു.