ചെന്നൈ: കോവിഡ് മഹാമാരി കാലത്തും അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശവുമായി തമിഴ്‌നാട് സര്‍ക്കാര്‍. അടഞ്ഞുകിടന്നിട്ടും ഫീസ് പൂര്‍ണമായി ഈടാക്കുന്ന സ്‌കൂളുകള്‍ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് തമിഴ്‌നാട് സ്‌കൂള്‍ വിദ്യാഭ്യാസ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. അമിത ഫീസ് നിര്‍ബന്ധിതമായി ഈടാക്കുന്നതിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നതിനെതുടര്‍ന്നാണ് നടപടി.
അതേസമയം, 40 ശതമാനം ഫീസ് ആദ്യ ഗഡുവായും അവശേഷിച്ച 35 ശതമാനം രണ്ടാം ഗഡുവായും വാങ്ങാം. സ്‌കൂള്‍ തുറന്ന് സാധാരണ നിലയിലാകുന്ന പക്ഷം ഇനിയുള്ള 25 ശതമാനം വാങ്ങുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 24ന് വിദ്യാലയങ്ങള്‍ അടച്ചിട്ടതാണ്.