ന്യൂ ഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. എയര്‍ ഇന്ത്യ വിമാനത്തില്‍ രാത്രിയോടെ എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസം താലിബാന്‍ റെഡ്‌ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു.
അതേസമയം, ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍. ആരുടെ വെടിവയ്പിലാണ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് ഞങ്ങള്‍ക്ക് അറിയില്ലെന്നും താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി. യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങള്‍ നല്‍കാറുമുണ്ട്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.