ന്യൂഡല്‍ഹി: സുപ്രീം കോടതി നടപടികള്‍ ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ ഉടന്‍ കഴിയുമെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. അതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നടപടികള്‍ തത്സമയം കാണുന്നതിനുള്ള സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.
നിലവില്‍ മാധ്യമങ്ങളിലൂടെയാണ് കോടതി നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നത്. ബെഞ്ചിന്റെ നിരീക്ഷണങ്ങളും ഉന്നയിക്കുന്ന ചോദ്യങ്ങളും അടക്കം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും കോടതിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നു. ജനങ്ങള്‍ക്ക് കോടതി നടപടികള്‍ നേരിട്ട് കാണാന്‍ കഴിയാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കോടതി നടപടികള്‍ ജനങ്ങള്‍ക്ക് നേരിട്ട് കാണാന്‍ കഴിഞ്ഞാല്‍ അവയെക്കുറിച്ചും ജഡ്ജിമാര്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെക്കുറിച്ചും അവര്‍ക്ക് നേരിട്ട് വിവരം ലഭിക്കും. എന്നാല്‍ അതീവ ജാഗ്രതയോടെ വേണം ഈ നടപടി സ്വീകരിക്കാനെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.