ആലപ്പുഴ: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയം കൂടുതൽ വിവാദമാകുന്നു. വിഷയത്തിൽ മുസ്ലിം ലീഗിനും പികെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കുഞ്ഞാലികുട്ടി ശ്രമിക്കുന്നതെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
കുഞ്ഞാലിക്കുട്ടിക്ക് ആഗ്രഹം പ്രകടിപ്പിക്കാം. അദ്ദേഹത്തിനുള്ള രാഷ്ട്രീയ താത്പര്യങ്ങൾ നോക്കേണ്ട കാര്യമില്ല. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അത് സമൂഹം നിരാകരിക്കും. സർവ കക്ഷി യോഗം ചേർന്നാണ് സ്കോളർഷിപ്പ് വിഷയത്തിൽ തീരുമാനമെടുത്തത്. മാറ്റങ്ങൾ വേണമെന്ന് കോടതിയാണ് ആവശ്യപ്പട്ടത്. എല്ലാവരോടും ആലോചിച്ച് ജനാധിപത്യപരമായാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.
ജന വിഭാഗങ്ങൾ തമ്മിൽ തർക്കം ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കേണ്ടത്. സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുന്ന രീതിയിൽ ആരും പ്രതികരണം നടത്തരുതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. മുസ്ലിം ലീഗ് വിഷയം മറ്റൊരു രീതിയിൽ തിരിച്ചുവിടാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയാണ് വിഷയത്തിൽ നിലപാടെടുത്തത്. അത് പ്രകാരമാണ് സർക്കാർ നിലപാടെടുക്കുന്നത്. ഇപ്പോൾ യുഡിഎഫ് ഉന്നയിക്കുന്ന വാദത്തിന് പ്രസക്തിയില്ല. യുഡിഎഫാണ് ഭരണത്തിലെങ്കിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചേനെ എന്നും വിജയരാഘവൻ ആരോപിച്ചു.