കാണ്ഡഹാര്‍: പ്രശസ്ത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനും പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റസർ ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തില്‍ പങ്കില്ലെന്ന് താലിബാന്‍. ആരുടെ വെടിവയ്പിലാണ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. അദ്ദേഹം എങ്ങനെ മരിച്ചുവെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് വ്യക്തമാക്കി.
യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിച്ചാല്‍ അക്കാര്യം ഞങ്ങളെ അറിയിക്കാറുണ്ട്. ആ വ്യക്തിക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങള്‍ നല്‍കാറുമുണ്ട്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനായ ഡാനിഷ് സിദ്ദീഖിയുടെ മരണത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം താലിബാന്‍ ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് (ഐസിആര്‍സി) കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.