ആറ്റിങ്ങൽ: ബ്യൂട്ടി പാർലറിൽ ജോലിക്കിടെ അഞ്ചു ജീവനക്കാർ കുഴഞ്ഞുവീണു. ആറ്റിങ്ങൽ സ്വദേശി മിനി (45), വെസ്റ്റ് ബംഗാൾ സ്വദേശി സുസ്മിത മണ്ഡൽ (27), ഡാർജ്ലിങ് സ്വദേശി സഞ്ജു (25), സിക്കിം സ്വദേശികളായ സൗമ്യ (25), ഗ്രേസി (24) എന്നിവരാണ് ജോലിക്കിടെ കുഴഞ്ഞുവീണത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ആറ്റിങ്ങൽ മാമം അഷ്ടമുടി ബ്യൂട്ടി പാർലറിലായിരുന്നു സംഭവം.
ബ്യൂട്ടി പാർലറിനുള്ളിൽ നിലവിളിയും ബഹളവും കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അവശനിലയിലായ ജീവനക്കാരെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചു. ഓക്സിജൻ നൽകിയാണ് ഇവരുടെ ജീവൻ രക്ഷിച്ചതെന്നും വിഷവാതകം ഉള്ളിൽ ചെന്നാണ് ഇവർ കുഴഞ്ഞുവീണതെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ജീവനക്കാർ അപകടനില തരണം ചെയ്തു.
വിവാഹവുമായി ബന്ധപ്പെട്ട് വധുവിനെയും ബന്ധുക്കളെയും ഒരുക്കുന്ന തിരക്കിലായിരുന്നു ജീവനക്കാർ. ഉച്ചയോടെ വധുവും കൂട്ടരും പോയിരുന്നു. വധുവിന്റെ ചില ബന്ധുക്കളെ ഒരുക്കുന്നതിനിടയിലാണ് ജീവനക്കാർ കുഴഞ്ഞുവീണത്. അടച്ചിട്ട പാർലറിൽ രാവിലെമുതൽ എ.സി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന്റെ ജനറേറ്ററിൽനിന്നുള്ള വിഷപ്പുകയാകാം അപകടകാരണമെന്ന് കരുതപ്പെടുന്നു.

















