ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ മാസ്‌ക് ഉപയോഗിക്കുന്നതില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇത് അപകടകരമായ സൂചനയാണെന്നും രാജ്യത്തെ മൊത്തം മാസ്‌ക് ഉപയോഗത്തില്‍ 74 ശതമാനം കുറവുണ്ടായതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ആളുകള്‍ വീടിന് പുറത്തേക്ക് ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ മാസ്‌ക് ഉപയോഗത്തില്‍ കുറവ് കാണുന്നു. കോവിഡ് അപകടകരമായി നമുക്ക് ചുറ്റുമുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് നിത്യജീവിതത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലയിടങ്ങളിലും കോവിഡിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ തിരിച്ചുപോയിരിക്കുന്നു. ഈ ഘട്ടത്തില്‍ കൃത്യമായി മാസ്‌ക് ധരിക്കുക, കൈകള്‍ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായപ്പോഴും 50 ശതമാനം ജനങ്ങളും മാസ്‌ക് ഉപയോഗിക്കാത്തവരായിരുന്നു. മാസ്‌ക് ധരിക്കാത്തതിന് അവര്‍ കണ്ടെത്തിയ കാരണങ്ങള്‍ ഇവയായിരുന്നു. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുന്നുവെന്നും സാമൂഹിക അകലം പാലിച്ചാല്‍ മാസ്‌ക് ധരിക്കേണ്ട ആവശ്യമില്ല എന്നുമാണ് തങ്ങള്‍ മാസ്‌ക് ധരിക്കാത്തതിന് കാരണമായി ആളുകള്‍ പറഞ്ഞത്.