ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് കേസുകള്‍ കുറയുന്നത് മന്ദഗതിയിലായി തുടങ്ങി. ഇത് ഒരു മുന്നറിയിപ്പ് സൂചനയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് കോവിഡിനെതിരേയുള്ള ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രണ്ടാം തരംഗത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് 95 ശതമാനം കോവിഡ് മരണവും തടയാന്‍ സാധിച്ചു എന്ന് പഠനം വ്യക്തമാക്കുന്നു. ഒരു വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇത് 82 ശതമാനമാണ്. ജൂലൈയോടെ 50 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഈ നേട്ടം കൈവരിക്കുന്നതിനുള്ള വഴിയിലാണ് സര്‍ക്കാര്‍. 66 കോടി ഡോസ് കോവാക്‌സിനും കോവിഷീല്‍ഡിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ 22 കോടി വാക്‌സിന്‍ സ്വകാര്യമേഖലയിലും ലഭ്യമാക്കുമെന്നും വിദഗ്ധ സമിതി അംഗം ഡോ. വി കെ പോള്‍ പറഞ്ഞു.
വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളുയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നിരവധി രാജ്യങ്ങളിൽ കോവിഡ് സാഹചര്യം കൂടുതൽ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.