ആരോഗ്യ വകുപ്പുകളിലെ ഒഴിവുകള്‍ എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് . മുഴുവന്‍ ഒഴിവുകളും എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മന്ത്രി അടിയന്തര യോഗം വിളിച്ചു കൂട്ടിയത്.
റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ആരോഗ്യ വകുപ്പിലേയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലേയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനായോ, മറ്റു ക്വാട്ടകള്‍ക്കായോ അപേക്ഷകര്‍ ഇല്ലെങ്കില്‍ പ്രസ്തുത തസ്തിക നിയമപരമായ നടപടി സ്വീകരിച്ച് നികത്താന്‍ കഴിയുമോ എന്നത് പരിശോധിക്കേണ്ടതാണ്. ആശ്രിത നിയമനത്തിന് നീക്കിവെച്ചിട്ടുള്ള ഒഴിവുകള്‍ കൃത്യമായി നികത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
ഉയര്‍ന്ന തസ്തികകളില്‍ ഒഴിഞ്ഞു കിടക്കുന്നവ നികത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍, ഒരുദ്യോഗസ്ഥന് പ്രത്യേക ചുമതല നല്‍കിക്കൊണ്ട് ഒരു മാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണം. ഏതെങ്കിലും കാരണത്താല്‍ ഉയര്‍ന്ന തസ്തികയിലേക്ക് പ്രമോഷന്‍ നടക്കാന്‍ കഴിയാതെ വന്നാല്‍ ആ തസ്തിക താത്കാലികമായി റിവേര്‍ട്ട് ചെയ്ത് എന്‍ട്രി കേഡര്‍ ആയി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രമോഷന്‍ സംബന്ധിച്ച കോടതി വ്യവഹാരങ്ങളില്‍ കൃത്യമായ സ്‌റ്റേറ്റ്‌മെന്റ്/സത്യവാങ്മൂലം നല്‍കി തടസങ്ങള്‍ നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.