ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. ടീമിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരംഗത്തിനാണ് രോഗം പിടിപെട്ടത്. ഇതെതുടര്‍ന്ന് കോവിഡ് പിടിപെട്ട ആളുമായി അടുത്ത സമ്പര്‍ക്കമുണ്ടായ മൂന്ന് പേരെ നിരീക്ഷണത്തിലാക്കി.
റിസർവ് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, സ്റ്റാൻഡ്ബൈ ഓപ്പണർ അഭിമന്യു ഈശ്വരൻ, ബൌളിംഗ് കോച്ച് ഭാരത് അരുൺ എന്നിവരാണ് നിരീക്ഷണത്തിലേക്ക് മാറിയത്. 10 ദിവസത്തെ ക്വാറന്റൈനാണ് നിരീക്ഷണത്തിലുള്ളവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇവര്‍ക്ക് വീണ്ടും പരിശോധന നടത്തും.
ഇന്ന് രാവിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പരിശോധന നടത്തിയത്.
ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. ഇതിന് മുന്നോടിയായി ജൂലൈ 20ന് ഇന്ത്യന്‍ ടീം പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്. കൗണ്ടി ഇലവനെതിരായ മത്സരത്തിനായി ടീം ഉടനെ ദര്‍ഹാമിലേക്ക് തിരിക്കും. കോവിഡ് ബാധിതരും നിരീക്ഷണത്തില്‍ കഴിയുന്നവരെയും ഒഴിവാക്കിയാകും ടീം പുറപ്പെടുക.