കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് രാവിലെ 11 മണിക്ക് അഭിഭാഷകനൊപ്പമാണ് അമല കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന്നായി ഹാജരായത്.
അർജുൻ ആയങ്കിക്ക് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലെന്നാണ് അമല നേരത്തെ മൊഴി നൽകിയിരുന്നു. മുമ്പ് നൽകിയ മൊഴികളിലെ വൈരുധ്യം മൂലമാണ് അമലയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ഇക്കാര്യത്തിൽ കസ്റ്റംസിന് ലഭിച്ച കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വീണ്ടും ചോദ്യം ചെയ്യല്‍.
ആർഭാട ജീവിതത്തിനും വീട് വയ്ക്കാനും വാഹനം വാങ്ങാനും പണം നൽകിയത് ഭാര്യയുടെ അമ്മയാണെന്നായിരുന്നു അർജുൻ ആയങ്കി കസ്റ്റംസിന് നല്‍കിയ മൊഴി. എന്നാല്‍, ഈ മൊഴി അർജുൻ ആയങ്കിയുടെ ഭാര്യ അമല തള്ളിയിരുന്നു.
അതിനിടെ, അർജുൻ ആയങ്കി നൽകിയ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഇന്ന് പരിഗണിച്ചു. തനിക്കെതിരെ സ്വർണ്ണക്കടത്തിന് തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ലെന്നാണ് അർജുൻ ആയങ്കിയുടെ വാദം.