കോഴിക്കോട്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്ക്കോളര്‍ഷിപ്പ് അനുപാതം മാറ്റാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ മുസ്‌ലിം ലീഗ്. മുസ്‌ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതായെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ ഭിന്നിപ്പ് ഉണ്ടാക്കുകയാണെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ രീതി സര്‍ക്കാര്‍ പിന്തുടര്‍ന്നാല്‍ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
മറ്റു സംസ്ഥാനങ്ങള്‍ കൊടുക്കുന്ന ആനുകൂല്യമാണ് കേരളം ഇല്ലാതാക്കിയത്. പിന്നാക്ക അവസ്ഥ എന്ന മാനദണ്ഡമേ ഇല്ലാതായി. ന്യൂനപക്ഷത്തിന് പ്രത്യേക സ്‌കീമായിരുന്നു ഉചിതം. സചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കേണ്ടവര്‍ സചാറിനെ തന്നെ ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ആനുകൂല്യം കേരളം ഇല്ലാതാക്കിയതിന് കാരണക്കാര്‍ ഇടത് മുന്നണിയാണ്.
സചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത് അനുസരിച്ചുള്ള സ്‌കീം നിലനിര്‍ത്തിയതിന് ശേഷം മറ്റുള്ളവര്‍ക്ക് പ്രത്യേക സ്‌കീം ആയിരുന്നു ഉചിതം. ഇക്കാര്യം സര്‍വകക്ഷിയോഗത്തില്‍ താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതാണ്. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന ഈ തീരുമാനം വളരെ ഗൗരവമുള്ളതാണ്. കേടതിവിധി അനുസരിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അപ്പീല്‍ പോകാതിരുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല.
സുപ്രീം കോടതി വിധി ഉണ്ടാകുമ്പോള്‍ മാത്രമാണ് കോടതി നടപടി പൂര്‍ത്തിയായി എന്ന് പറയാന്‍ കഴിയുക. ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്നും നിയമസഭയിലും ഇക്കാര്യം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനഃക്രമീകരിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല.ക്രിസ്ത്യന്‍ 18.38%, മുസ്ലീം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണ് കണക്ക്.