ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ സംസ്ഥാനങ്ങളും ബാധ്യസ്ഥരാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. യു.പി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.
കോവിഡ് മഹാമാരിക്കിടയിലും കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ സുപ്രീംകോടതി സ്വമേധയ കേസെടുക്കുകയും യു.പി സര്‍ക്കാറിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ജൂലൈ 25നാണ് കന്‍വാര്‍ യാത്ര ആരംഭിക്കുന്നത്. പശ്ചിമ യുപിയിലെ പുണ്യസ്ഥലങ്ങളില്‍ നിന്ന് ഗംഗാ ജലം ശേഖരിക്കുന്നതിനാണ് ആളുകളെത്തുക. അതേസമയം, നേരത്തെ കന്‍വാര്‍ യാത്രയില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും പ്രതികരണം അറിയിച്ചിരുന്നു. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.