ലണ്ടൻ: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരില്‍ ഒരു താരത്തിന്‍റെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നതായും എഎന്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള 23 അംഗ സ്ക്വാഡിലെ അംഗത്തിനാണ് രോഗബാധ.എന്നാൽ രോഗം ബാധിച്ച കളിക്കാരന്‍റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കോവിഡ് ഡെൽറ്റ വകഭേദമാണ് അദ്ദേഹത്തിന് ബാധിച്ചതെന്നാണ് കരുതുന്നത്.
വ്യാഴാഴ്ചയാണ് ടീം ലണ്ടനിൽ നിന്ന് ഡർഹാമിലേക്ക് പോകുന്നത്. ഡർഹാമിൽ വെച്ചാണ് ഇന്ത്യ രണ്ട് പരിശീലന മത്സരം കളിക്കുന്നത്. ആദ്യ ടെസ്റ്റ് നടക്കുന്ന ട്രെന്റ്ബ്രിജിലേക്ക് ഡർഹാമിൽ നിന്ന് രണ്ടര മണിക്കൂർ യാത്ര മാത്രമേ ഉള്ളൂ. ഡർഹാമിൽ എത്തിയ ശേഷം കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും.ഇംഗ്ലണ്ടിലെ നാഷനൽ ഹെൽത്ത് സർവീസ് വൈകാതെ കോവിഡ് ബാധിച്ച കളിക്കാരന്‍റെ പേര് പുറത്തുവിടും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷമുള്ള ഇടവേളയിൽ ഈ കളിക്കാരൻ പൊതു പരിപാടികളിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ.