തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്തുന്നുണ്ട്.
അതേസമയം ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താല്‍ക്കാലികമായി പിന്‍മാറി. വെള്ളിയാഴ്ച ചർച്ച നടത്താമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിട്ടുള്ളത്. ഈയൊരു സാഹചര്യത്തിൽ ചർച്ച നടക്കുന്നതുവരെ സമരത്തിൽനിന്ന് പിന്മാറാണ് സമിതിയുടെ തീരുമാനം.
കഴിഞ്ഞ ദിസവം കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറക്കാൻ വ്യാപാരികൾ ശ്രമിച്ചത് വലിയ തോതിൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തുടനീളം കടകൾ തുറക്കാനായിരുന്നു നീക്കം. എന്നാൽ, ഇത് കൂടുതൽ സംഘർഷത്തിലേക്കു നീങ്ങും. വ്യാപാരികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുമെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലായിരിക്കണം സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചതെന്നാണ് കരുതുന്നത്.