കൊച്ചി:ഷൂട്ടിംഗിന് അനുമതി കിട്ടാതെ വന്നതോടെ മലയാള സിനിമ തെലങ്കാനയിലേക്ക്. മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ബ്രോ ഡാഡിയടക്കം ഏഴോളം മലയാള സിനിമകളുടെ ഷൂട്ടിംഗ് കേരളത്തിന് പുറത്തേക്ക് മാറ്റി. തെലങ്കാന, തമിഴ്നാട്ട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കാണ് വിവിധ മലയാള സിനിമകളുടെ ഷൂട്ടിംഗ് മാറ്റിയിരിക്കുന്നത്.
അതേസമയം കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക അഭ്യർത്ഥിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നൽകി.ദിവസ വേതനം വാങ്ങുന്ന തൊഴിലാളികൾ പട്ടിണിയിലാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിലെങ്കിലും സാങ്കേതിക പ്രവർത്തകർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.