തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ “മനസിലാക്കി കളിച്ചാൽ മതി ” പ്രസ്താവനയിൽ മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. വ്യാപാരികൾക്കൊപ്പം കോൺഗ്രസ് നിൽക്കുമെന്ന് സുധാകരൻ വ്യക്തമാക്കി.
ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യാമുനമ്പിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും സുധാകരൻ പറഞ്ഞു. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറയുന്നു.
കോൺഗ്രസ് കച്ചവട സമൂഹത്തിനോടൊപ്പമാണെന്നും അടപ്പിക്കാൻ ശ്രമിച്ചാൽ അവർക്കൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു. നിയന്ത്രണങ്ങൾ മയപ്പെടുത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കെ.സുധാകരൻ ഫേസ്ബുക്ക് പോസ്റ്റ്
വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കേരളത്തിലെ ലോക്ക് ഡൗൺ രീതി തെറ്റാണെന്നും അത് രോഗവ്യാപനത്തിനാണ് വഴിവെക്കുന്നതെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചിട്ടും ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ട് എന്ന മട്ടിലുള്ള പിടിവാശിയാണ് സർക്കാർ തുടരുന്നത്. സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുമെന്ന് പറഞ്ഞ വ്യാപാരികളോട് ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലക്ഷങ്ങള്‍ മുടക്കിയും, ലോണെടുത്തും കച്ചവടം തുടങ്ങിയവർ, മാസങ്ങളായി കടകളൊന്ന് തുറക്കാന്‍ പോലും കഴിയാതെ ഗതികെട്ട അവസ്ഥയിലാണ്. വിദഗ്ധാഭിപ്രായം കൂടി കണക്കിലെടുത്ത് വ്യാപാര സ്ഥാപനങ്ങൾ തുറക്കണമെന്ന് അപേക്ഷിക്കുമ്പോള്‍ “നോക്കിക്കളിച്ചാല്‍ മതിയെന്ന ” മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല.
കാട്ടിൽ കയറി മരംവെട്ടി കടത്തിയവരോടും
കള്ളക്കടത്തുകാരോടുമല്ല, കടത്ത് മുതൽ ഭാഗിച്ച് മൂന്നായി വീതം വച്ചതിൽ പാർട്ടിക്കുള്ള വിഹിതം തരാത്തവരോടല്ല,
ഭീഷണിയും കടവും ബാധ്യതകളും കയറി മുടിയാൻ പോകുന്ന വ്യാപാരികളോടാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളി.
ഒന്നര വർഷമായി ജീവിതം മൊത്തം അടച്ചിട്ടു എന്നിട്ടും വാടകയും നികുതിയും ഇൻഷുറൻസുമൊക്കെ മുടങ്ങാതെ കൊടുക്കേണ്ടിവരുന്ന ഒരു സമൂഹത്തോടാണ് ഈ ധിക്കാരം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യരോട് ഇങ്ങനെ സംസാരിച്ചാൽ അവർ തിരിച്ചും പ്രതികരിക്കും. അതങ്ങ് ക്യൂബയിൽ മാത്രമല്ല, കേരളത്തിലും.
ശാസ്താങ്കോട്ടയിലെ കുരങ്ങുകൾക്ക് ഭക്ഷണം കൊടുക്കൽ, ആടിന് പുല്ലു കൊടുക്കൽ തുടങ്ങിയ നാടകങ്ങളൊക്കെ നമ്മൾ കണ്ടതാണ്. മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെ പഴകിപ്പുളിച്ച പത്ര സമ്മേളനം കണ്ട് നിർവൃതിയടയുന്ന അവസ്ഥയിലൂടെയല്ല കേരളം കടന്ന് പോകുന്നത്.
കച്ചവടക്കാർ അവരുടെ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. ഫിനാൻസ് കമ്പനികളുടെ നടപടി പേടിച്ച് ആത്മഹത്യ ചെയ്തവരുണ്ട് ഈ കേരളത്തിൽ. അവസാന തരി പൊന്നും, താലിമാല പോലും തിരിച്ചെടുക്കാൻ നിവൃത്തിയില്ലാതെ ലേലം ചെയ്യാൻ വിട്ടു കൊടുക്കേണ്ടി വരുന്ന നിസഹായരുടെ നിരാശയിൽ നിന്നുമാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്.
അവർക്ക് വേണ്ടി ഇതുവരെ യാതൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഇങ്ങനെ ഗുണ്ടാ മോഡലിൽ പ്രതികരണങ്ങൾ കൂടി ഒരു മുഖ്യമന്ത്രിയിൽ നിന്നുണ്ടാവുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ളതാണ്.
കേന്ദ്രത്തിൽ പോയി മറ്റൊരു ഫാഷിസ്റ്റിനെ കണ്ടതിന്റെ ഉറപ്പിന്മേലാണ് ഈ ധാർഷ്ട്യമെങ്കിൽ അതിവിടെ വിലപ്പോവില്ല.
ഒരു നാട് മുഴുവൻ ഇത്രയേറെ പ്രശ്നങ്ങളിൽ പെട്ട് ഊണും ഉറക്കവും നഷ്ടപെട്ട് നിൽക്കുമ്പോൾ. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് വാങ്ങിനൽകുന്ന സർക്കാർ കിറ്റിൽ ക്രീം ബിസ്കറ്റുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി വിജയൻ്റെ പിആർ ഏജൻസി കോപ്രായങ്ങൾ സഹിക്കാവുന്ന മാനസികാവസ്ഥയിലല്ല കേരളത്തിലെ പൊതു സമൂഹം .
കോൺഗ്രസ് ജീവിക്കാൻ വേണ്ടി പൊരുതുന്നവർക്ക് ഒപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.
സ്വന്തം കീശയിൽ നിന്നും വാടക കൊടുത്ത്, സർക്കാരിന് നികുതിയും നൽകി കച്ചവടം ചെയ്യാനുള്ള അവകാശത്തിന് ചോദിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഭീഷണി കേൾക്കേണ്ട ഗതികേടിന് കേരളത്തിലെ വ്യാപാരികളെ വിട്ടുനൽകില്ല. വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം തുറക്കുന്ന സ്ഥാപനങ്ങൾക്ക് കഴിയാവുന്ന രീതിയിൽ സംരക്ഷണം ഒരുക്കുമെന്ന് കൂടെ സർക്കാരിനെയും മുഖ്യമന്ത്രിയേയും അറിയിക്കുന്നു.