കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തുന്നു. കണ്ണൂർ തില്ലങ്കേരിയിലെ വീട്ടിലാണ് കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്. സ്വർണക്കടത്ത് കേസിൽ പിടിയിലുള്ള അർജ്ജുൻ ആയങ്കിയുമായി ആകാശിന് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്‍റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസിന്റെ നേതൃത്വത്തിലാണ് ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത്.
ഏറെ വിവാദമായ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി.ആകാശിനെതിരെ സ്വർണക്കടത്ത് കേസിൽ എഫ്ഐആർ ഉണ്ടായിരുന്നില്ല. ഷുഹൈബ് വധക്കേസിന് ശേഷം കഴിഞ്ഞ രണ്ട് വർഷമായി ആകാശ് കൊട്ടേഷൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്ന് കസ്റ്റംസിന് വിവരം ലഭിച്ചു. അർജുൻ ആയങ്കിയുടെ നേതാവെന്ന നിലയിലാണ് ആകാശ് തില്ലങ്കേരി ഈ മേഖലയിൽ അറിയപ്പെടുന്നത്.