കോഴിക്കോട്: കൊയിലാണ്ടിയിൽ നിന്ന് തോക്ക് ചൂണ്ടി അക്രമി സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ പരിക്കുകളോടെ കണ്ടെത്തി. കുന്ദമംഗലത്ത് തടമില്ലിന് സമീപത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവർ അവിടെ ഇറക്കിവിട്ടുവെന്നാണ് അഷ്റഫ് പറയുന്നത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന. കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. അഷറഫ് ഒരു മാസം മുമ്പാണ് സൗദിയില്‍ നിന്നും നാട്ടിലെത്തിയത്. ഇയാള്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയാറാണെന്ന സംശയത്തിലാണ് പോലീസ്. കൊടുവള്ളി സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.