തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ മഴതുടരുമെന്ന് കാലാവസ്ഥാവകുപ്പ്. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലൊഴികെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.
കൂടാതെ തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകള്‍ ഒഴികെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കും. 2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
ഇന്ന് മുതല്‍ 17 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. കേരളതീരത്ത് വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ നാളെ രാത്രി 11.30 വരെ 2.5 മീറ്റര്‍ മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമുണ്ട്.
ഇന്ന് രാവിലെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുണ്ടായ കനത്ത കാറ്റിനും മഴയ്ക്കും കാരണം ലഘു മേഘവിസ്ഫോടനമെന്ന് കാലാവസ്ഥാശാസ്ത്രജ്ഞര്‍ അറിയിച്ചു. എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടം വരുത്തിയ കാറ്റിനും മഴയ്ക്കും ഇടയാക്കിയത് ലഘുമേഘവിസ്ഫോടനമെന്ന് കാലാവസ്ഥാവിദഗ്ധരുടെ വിലയിരുത്തല്‍. ഉയരമുള്ളതും സാന്ദ്രത കൂടിയതുമായ ഇടിമിന്നല്‍ മേഘങ്ങള്‍ രൂപമെടുത്തതില്‍ നിന്നാണ് ശക്തമായ കാറ്റ് ഉണ്ടായത്. സാധാരണ ഇത്തരം മേഘങ്ങളോ ഇടിമിന്നലോ കാലവര്‍ഷക്കാലത്ത് ഉണ്ടാകാറില്ല.