കെയ്റോ: ഈജിപ്തില്‍ യുവാവിനെ ജീവനോടെ തീകൊളുത്തിക്കൊന്നു. സംഭവത്തില്‍ പ്രതിശ്രുത വധു അടക്കം നാല് സ്ത്രീകള്‍ അറസ്റ്റിലായി.കെയ്റോയിലാണ് സംഭവം നടന്നത്. പ്രതിശ്രുത വധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവാവ് നിരന്തരമായി വഴക്കുണ്ടാക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിശ്രുത വധുവിന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് യുവതി സുഹൃത്തുക്കളുടെ സഹായം തേടുകയും നാലുപേരും ചേര്‍ന്ന് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
അതേസമയം, കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്താണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.