ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സംഭവിക്കാതെയിരിക്കാന്‍ നിയന്ത്രണങ്ങളില്‍ വീഴ്ച പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്നും ജാഗ്രത കൈവെടിയരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വൈറസിനുണ്ടായ ജനിതക മാറ്റം വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ വൈറസ് വകഭേദങ്ങളെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുളള യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അസം, നാഗലാന്‍ഡ്, ത്രിപുര, സിക്കിം, മണിപുര്‍, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം, ഹില്‍ സ്റ്റേഷനുകളടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം ആശങ്കപ്പെടുത്തുന്നുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. പ്രതിരോധത്തിലുണ്ടായ വീഴ്ചകളാണ് വെല്ലുവിളികളായി മാറിയതെന്നും പ്രധാനമന്ത്രി ചൂണ്ടികാട്ടി. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങള്‍ക്ക് എപ്പോഴും സാമ്പത്തിക പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോവിഡിനോട് നന്നായി പോരാടിയെങ്കിലും ചില സംസ്ഥാനങ്ങളില്‍ പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.