ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ പതിനെട്ട് കോടി എണ്‍പത് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 40,48,863 ആയി ഉയര്‍ന്നു. നിലവില്‍ ഒരു കോടി ഇരുപത് ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിയേഴ് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയില്‍ 30,904,734 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 4.39 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അതിനിടെ,
ഇന്ത്യയില്‍ ആദ്യമായി കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ കൊടുങ്ങല്ലൂര്‍ സ്വദേശിനിക്കാണ് വീണ്ടും കോവിഡ് രോഗബാധയുണ്ടായതായി പരിശോധനയില്‍ സ്ഥിരീകരിച്ചത്. ദില്ലിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആര്‍ടിപിസിആര്‍ പരിശോധന നടത്തിയപ്പോഴാണ് കോവിഡ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്.രോഗലക്ഷണങ്ങളില്ലെന്ന് തൃശൂര്‍ ഡിഎംഒ അറിയിച്ചു.
ബ്രസീലിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 5.34 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എഴുപത്തിയാറ് ലക്ഷം കടന്നു.