കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി തനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച ദമ്പതികൾക്കെതിരെ ലക്ഷദ്വീപ് ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഐഷ പരാതി നൽകി.
ഒരു ദേശീയ മാധ്യമവുമായി ചേർന്ന് ദമ്പതികൾ ഗൂഢാലോചന നടത്തിയെന്ന് പരാതിയിൽ ഐഷ ആരോപിച്ചു. ഇസ്ലാമിക് സ്റ്റേറ്റിനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ പോലും തനിക്ക് അറിയാമെന്ന ദമ്പതികളുടെ വാദത്തിൽ അന്വേഷണം വേണം. തന്റെ പക്കൽ നിന്നും കവരത്തി പൊലീസ് പിടിച്ചെടുത്ത ലാപ്ടോപ്പിലും മൊബൈൽ ഫോണിലും കൃത്രിമം കാണിക്കുമോയെന്ന് ആശങ്കയുണ്ടെന്നും അവർ പറഞ്ഞു.
തനിക്കെതിരായ പ്രചാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പരാതി നൽകിയെന്നും ഐഷ വ്യക്തമാക്കി.