ലുധിയാന:മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു.66 വയസ്സായിരുന്നു. ഇന്നു രാവിലെഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
ലോകകപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാള്‍ കൂടിയായിരുന്നു ശര്‍മ. ഇംഗ്ലണ്ടിനെതിരേയുള്ള സെമി ഫൈനലില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ അദ്ദേഹമായിരുന്നു.ടൂര്‍ണമെന്റിലെ ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അദദ്ദേഹം നേടിയ 89 റണ്‍സും ശ്രദ്ധിക്കപ്പെട്ടിരുന്നു.
1954 ആഗസ്റ്റ് 11ന് പഞ്ചാബിലെ ലുധിയാനയിലാണ് അദ്ദേഹം ജനിച്ചത്. സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മു കശ്മീരിനെതിരേ പഞ്ചാബിനുവേണ്ടി 260 റണ്‍സ് നേടിയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാന, റെയില്‍വേസുള്‍പ്പെടെ മൂന്നു ടീമുകളെ ശര്‍മ പ്രതിനിധീകരിച്ചിട്ടുണ്ട്. 160 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം 21 സെഞ്ച്വറികളടക്കം നേടിയത് 8933 റണ്‍സാണ്. പുറത്താവാതെ നേടിയ 201 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. വിരമിച്ച ശേഷവും ഇന്ത്യന്‍ ക്രിക്കറ്റുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശര്‍മ ശ്രദ്ധിച്ചിരുന്നു.