തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബെവ്കോയുടെ വില്പനശാലകളില്നിന്ന് മദ്യം വാങ്ങുന്നതിന് ഓണ്‍ലൈന്‍ പേമെൻറ് സംവിധാനം ഒരുക്കാൻ നീക്കം. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്ത് ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്കും വലിയ ക്യൂവും വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനത്തിനുള്ള നീക്കം.
ബെവ്കോ വെബ്സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേമെൻറ് നടത്തി മദ്യം വാങ്ങാനുള്ള സൗകര്യമാണ് ഈ സംവിധാനം. വെബ്സൈറ്റിൽ ഓരോ വില്പനശാലയിലെയും ബ്രാൻഡ്, സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിച്ചുണ്ടാകും, വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പേമെൻറ് ചെയ്യാനുള്ള സൗകര്യമുണ്ടാകും. നെറ്റ് ബാങ്കിങ്, പേമെൻറ് ആപുകള്‍, കാര്‍ഡുകള്‍ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടക്കാം. മൊബൈല്‍ ഫോണില്‍ എസ്.എം.എസായി രസീത് ലഭിക്കും. ഓണ്‍ലൈന്‍ പേമെൻറ് നടത്തിയവര്‍ക്കായി എല്ലാ ബെവ്കോ ഔട്ട്ലെറ്റിലും പ്രത്യേകം കൗണ്ടറുണ്ടാകും.