തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിന് നല്കാന് “മാതൃകവചം’ എന്ന പേരില്‍ കാമ്പയിന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാതൃകവചം കാമ്പയിനിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളേയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളില്ലാത്തവരെ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിപ്പിക്കും. ഓരോ സബ് സെന്റര്‍ പ്രദേശത്തുള്ള മുഴുവന്‍ ഗര്‍ഭിണികളും രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിച്ചു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്സിനേഷന് കാമ്പുകള്‍ പ്രത്യേക ദിവസങ്ങളില്‍ ജില്ലാതലത്തില്‍ തീരുമാനിച്ച് നടത്തും. വാക്സിനേഷനായി വരുന്ന മറ്റുള്ളവരുമായി സമ്പര്‍ക്കം ഒഴിവാക്കുന്ന വിധത്തില്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങള്‍ നടത്തുന്നതാണ്.