കിരീടം ഒരിക്കൽ കൂടി കിട്ടാകനിയായി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ആവേശ ഫൈനലിൽ മുട്ടുകുത്തി. ഇംഗ്ലണ്ടുകാരുടെ കണ്ണീർവീണ് കുതിർന്ന മെതാനത്ത് വിജയാഹ്ലാദം ചവിട്ടി യൂറോകീരീടവുമായി അസൂറികൾ റോമിലേക്ക് പറക്കും. ഷൂട്ട് ഔട്ടിൽ ഇംഗ്ലണ്ടിന്‍റെ കൗമാര താരങ്ങളായ മാർകസ് റാഷ്ഫോഡിന്റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ് ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്.
ഇറ്റലിയുടെ ബെലോട്ടിയുടേയും ജോർജീഞ്ഞോയുടേയും കിക്കുകൾ ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദൻ പിക്ഫോർഡ് തടുത്തിട്ടതും ഇറ്റലിയുടെ വിജയമുറപ്പിച്ചു.
രണ്ടാം മിനിറ്റിൽ ലൂക് ഷായുടെ വെടിക്കെട്ട് ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ 66ാം മിനിറ്റിൽ ബൊലൂചിയിലൂടെ ഇറ്റലി തളച്ചിരുന്നു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും വിജയഗോളെത്തായതായതോടെ ഷൂട്ട് ഔട്ടിലേക്ക് നീളുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ച ശേഷമാണ് മത്സരം എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്. നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷോയും ഇറ്റലിയ്ക്കായി ലിയോണാർഡോ ബൊനൂച്ചിയും സ്‌കോർ ചെയ്തു.
ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണാരുമ്മയാണ് ടീമിന് വിജയവും കിരീടവും സമ്മാനിച്ചത്. മാർക്കസ് റാഷ്ഫോഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തുപോയി. മറുവശത്ത് ഇറ്റാലിയൻ താരങ്ങളായ ആൻഡ്രിയ ബെലോട്ടി, ജോർജീഞ്ഞോ എന്നിവരുടെ ഷോട്ടുകൾ ഇംഗ്ലിഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തടുത്തെങ്കിലും ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടതോടെയാണ് അസൂറിപ്പട കിരീടം ഉറപ്പാക്കിയത്. ഇംഗ്ലിഷ് നിരയിൽ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവർ മാത്രമാണ് ഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചത്.
1968-ന് ശേഷം ഇതാദ്യമായാണ് ഇറ്റലി യൂറോ കപ്പിൽ മുത്തമിടുന്നത്. ആദ്യ യൂറോകപ്പ് കിരീടം ലക്ഷ്യം വെച്ചിറങ്ങിയ ഇംഗ്ലണ്ടിന് അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞത് തിരിച്ചടിയായി മാറുകയായിരുന്നു. ആദ്യം ലീഡ് നേടിയ ശേഷമാണ് ഇംഗ്ലണ്ട് കളി കൈവിട്ടത്.
കഴിഞ്ഞ 34 മത്സരങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന ഇറ്റലി ഒരു മത്സരം പോലും തോൽക്കാതെയാണ് യൂറോ കപ്പ് സ്വന്തമാക്കിയത്. റോബർട്ടോ മാൻസിനിയുടെ തന്ത്രങ്ങളുടെ മികവിലാണ് ഇറ്റലി യൂറോയിൽ മുത്തമിട്ടത്.