ഡെറാഡൂൺ:അടുത്ത വർഷം ആദ്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡിൽ വമ്പൻ വാഗ്ദാനങ്ങളാണ് ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചിരിക്കുന്നത്.അധികാരത്തിൽ വന്നാൽ ഓരോ കുടുംബത്തിനും പ്രതിമാസം 300 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് ആദ്യത്തെ പ്രഖ്യാപനം. കർഷകർക്ക് സമ്പൂർണമായി സൗജന്യ വൈദ്യുതി നൽകുമെന്നും പഴയ വൈദ്യുതി ബില്ലുകൾ എഴുതിത്തള്ളുമെന്നും വാഗ്ദാനമുണ്ട്. പവർകട്ട് ഒഴിവാക്കും.
ഇതൊക്കെ ഡൽഹിയിൽ നടത്താമെങ്കിൽ എന്തുകൊണ്ട് ഉത്തരാഖണ്ഡിലും ആയിക്കൂടായെന്ന് കെജ്രിവാൾ ചോദിച്ചു. ഉത്തരാഖണ്ഡ് സ്വന്തം ആവശ്യത്തിനായി വൈദ്യുതി ഉൽപാദിപ്പിക്കുക മാത്രമല്ല, മറ്റുള്ളവർക്ക് നൽകുക കൂടി ചെയ്യുന്ന സംസ്ഥാനമാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ അധികാരമേൽക്കുമ്പോൾ ഏഴുമുതൽ എട്ടുമണിക്കൂർ വരെയായിരുന്നു വൈദ്യുതിമുടക്കമുണ്ടായിരുന്നത്. അതിന് പരിഹാരമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.