തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് പ്രധാന അജണ്ട. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ഉന്നയിക്കാനാണ് പ്രധാനമന്ത്രിയെ സന്ദർശിക്കുന്നത്.
കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും. സഹകരണ മന്ത്രാലയം രൂപീകരിച്ചതിൽ ഉൾപ്പെടെ കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു ശേഷമാണു പിണറായി ഡൽഹിയിലെത്തുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം പിണറായി വിജയൻ ആദ്യമായാണു പ്രധാനമന്ത്രി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.