ഒരുപാട് ആളുകളില്‍ കണ്ടു വരുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇന്ത്യയില്‍ എഴുപത് ലക്ഷം പേരാണ് പ്രമേഹ രോഗബാധിതരായിട്ടുളളത്.
അനാരോഗ്യകരമായ ജീവിതശൈലി മാത്രമല്ല മറ്റു ചില ബാഹ്യ ഘടകങ്ങളും ഈ രോഗസാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതില്‍ പ്രധാനമാണ് രക്തത്തിന്റെ ഘടന. ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ആളുകള്‍ക്ക് ടൈപ്പ് ടു പ്രമേഹം പിടിപെടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ഒ ഗ്രൂപ്പ് അല്ലാത്തവര്‍ക്ക് ടൈപ്പ് ടു പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ് എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ള ആളുകളെ അപേക്ഷിച്ച് എ രക്തഗ്രൂപ്പുക്കാരില്‍ പ്രമേഹം വരാനുള്ള സാധ്യത പത്ത് ശതമാനം കൂടുതലായിരിക്കും. അതേസമയം, ബി പോസിറ്റീവ് ഗ്രൂപ്പുകാര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഒ രക്തഗ്രൂപ്പുകാരെ അപേക്ഷിച്ച് മറ്റുള്ളവരുടെ രക്തത്തിലെ പ്രോട്ടീനില്‍ നണ്‍ വില്ലിബ്രാന്‍ഡ് ഘടകം കൂടുതലായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ കാരണമാകുന്നു. അതുകൊണ്ടാണ് മറ്റുള്ള രക്തഗ്രൂപ്പുകളില്‍ നിന്നും ഒ ഗ്രൂപ്പുകളില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കുറവായതെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതേസമയം, പ്രമേഹ രോഗികള്‍ അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം, കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാരയുടെ അളവ് എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.