കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്ന് കിറ്റക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം തെലങ്കാനയിൽ നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ല. സർക്കാറുമായി ഇനിയും ചർച്ചക്ക് തയാറാണ് എന്നും അദ്ദേഹം പറഞ്ഞു.
ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയിൽ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തിൽ നടത്തുക. തെലങ്കാന സർക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കും. തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക് ജോലി നൽകുമെന്നും സാബു പറഞ്ഞു.
രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയിൽ അതിനെ കുറിച്ച് പ്രതികരിക്കും. കേരളത്തിൽ 15,000ത്തോളം പേർക്ക് തൊഴിൽ നൽകാനായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.