തിരുവനന്തപുരം: സുഹൃത്തിനെ ബലാത്സംഗത്തിനിരയാക്കിയെന്ന ആരോപണവുമുന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി. കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നാണ് ഊമക്കത്ത്. സുഹൃത്തിനുണ്ടായ അനുഭവം മയൂഖ ജോണിക്കും ഉണ്ടാകും എന്ന തരത്തിലെ പരാമർശം അടക്കം കത്തിലുണ്ട്.
പ്രതിയുടെ അറസ്റ്റ് നടന്നിട്ടില്ലെന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മയൂഖ ജോണിയും കുടുംബവും കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് വധഭീഷണി എത്തിയത്.
മയൂഖ ജോണി ഉന്നയിച്ച ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരയും മയൂഖയുടെ സുഹൃത്തുമായ യുവതിയും സംശയം പ്രകടിപ്പിച്ചിരുന്നു.
വാർത്താ സമ്മേളനം നടത്തിയാണ് പീഡനത്തിനിരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്ന് മയൂഖ ജോണി വെളിപ്പെടുത്തിയത്. 2016 ജൂലൈ ഒമ്പതിനാണ് ചാലക്കുടി സ്വദേശിനിയായ പെൺകുട്ടി പീഡനത്തിനിരയായത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് അയൽപക്കത്തെ വില്ലയിൽ താമസിക്കുന്നയാൾ വീട്ടിൽ കയറി മാനഭംഗപ്പെടുത്തുകയും നഗ്നവിഡിയോ ചിത്രീകരിക്കുകയും ചെയ്തു. അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അയാൾ നഗ്നവിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തലും ഫോണിലൂടെ ശല്യവും തുടർന്നു.
2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഇതായിരുന്നു അവസ്ഥ. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തിയെന്നാണ് മയൂഖ പറഞ്ഞത്. പ്രതിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെയാണ് ഇപ്പോൾ വധഭീഷണി ഉണ്ടായിരിക്കുന്നത്.