ജയ്പൂർ: രാജസ്ഥാനിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി മുൻ എംഎൽഎക്കും ഒമ്പതുപേർക്കുമെതിരെ കേസെടുത്തു. മുൻ എംഎൽഎ ഗ്യാൻ ദേവ് അഹൂജക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ ഗ്രാമം സന്ദർശിക്കുന്നതിനിടെയായിരുന്നു വിദ്വേഷ പ്രസംഗം.
ജൂലൈ മൂന്നിന് രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ഗ്രാമത്തിലെത്തിയ അഹൂജയും സംഘവും പ്രകോപന പ്രസംഗം നടത്തുകയും ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മുസ്ലിം ജന വിഭാഗത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ജൂലൈ ഏഴിനായിരുന്നു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പ്രദേശിക അഭിഭാഷകനായ ആസ് മുഹമ്മദ് ഖാനിന്‍റെ പരാതിയിലാണ് നടപടി. ഗ്രാമത്തിന് സമീപം ജൂലൈ 25ന് 5000 മുതൽ 10,000 വരെ ആളുകൾ ഒത്തുകൂടുമെന്നും വടി, വാൾ, തോക്ക് തുടങ്ങിയവ അവരുടെ കൈവശമുണ്ടാകുമെന്നും അഹൂജ പ്രസംഗത്തിൽ പറഞ്ഞതായി എഫ്ഐആറിൽ പറയുന്നു. 25ന് ഹിന്ദു റാലി സംഘടിപ്പിക്കണമെന്നായിരുന്നു ആഹ്വാനം.