തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നന്ദന്‍കോട് നിന്നും ശേഖരിച്ച സാമ്പിളുകള്‍ ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് 40 വയസുകാരന് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
ആദ്യഘട്ടമായി അയച്ച 17 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് രണ്ടാംഘട്ടമായി അയച്ച 27 സാമ്പിളുകളിലാണ് ഒരാള്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 15 പേര്‍ക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 14 പേര്‍ക്ക് സംസ്ഥാനത്ത് സിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇത് കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയും തിരുവനന്തപുരം കോര്‍പറേഷനിലെ താമസക്കാരിയായ ഗര്‍ഭിണിക്കാണ് കേരളത്തില്‍ ആദ്യം സിക സ്ഥിരീകരിച്ചത്.
അതേസമയം സംസ്ഥാനത്ത് സിക്ക വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് തീരെ അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡങ്കി, ചിക്കുന്‍ ഗുനിയ, തുടങ്ങിയ വൈറസ് രോഗങ്ങളെ പോലെ ഈഡിസ് ഈജിപ് തൈ, ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. കേരളത്തില്‍ ഈഡിസ് ഈജിപ്തൈ കൊതുക് സാന്ദ്രത വളരെ കൂടുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.