തിരുവനന്തപുരം: കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയപരമായ കാരണങ്ങളും ഗൂഢാലോചനയുമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേരളം വിടുന്നുവെന്ന പ്രഖ്യാപനം നടക്കുമ്പോള്‍ തന്നെ വിമാനം വരുന്നു, കിറ്റക്‌സ് മുതലാളി പോകുന്നു. തുടര്‍പ്രഖ്യാപനങ്ങള്‍ ഉണ്ടാവുന്നു. അത് യാതൃശ്ചികമായി സംഭവിച്ചതല്ല. മറ്റൊരു ഉറപ്പ് കിട്ടാതെ ഇങ്ങനെയൊരു പ്രഖ്യാപനം ഉണ്ടാവാനിടയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വ്യവസായങ്ങളോടുള്ള സമീപനം എന്താണെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയതാണ്. വ്യവസായ സൗഹാര്‍ദപരമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, തെലങ്കാനയില്‍ 1000 കോടിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റെക്സ് ഗ്രൂപ്പിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്സിന്‍റെ വ്യവസായ സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പിന്തുണയും അദ്ദേഹം ഉറപ്പു നൽകി. കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ക്കായി തെലങ്കാന സർക്കാരും കിറ്റെക്സും തമ്മിലെ ചർച്ച പുരോഗമിക്കുകയാണ്.
തെലങ്കാനയില്‍ 1000 കോടിയുടെ വ്യവസായ പദ്ധതിക്ക് ധാരണയായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കിറ്റെക്സ് എം.ഡി സാബു ജേക്കബുമായി ഫോണില്‍ സംസാരിച്ചത്. കിറ്റെക്സ് ഗ്രൂപ്പിനെ കര്‍ണാടകയിലേക്ക് സ്വാഗതം ചെയ്തതിന് പുറമെ വ്യവസായ സംരംഭങ്ങള്‍ക്കുളള കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണയും അറിയിച്ചു. കര്‍ണാടകയിൽ ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.