തൃശ്ശൂർ: മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു. 74 വയസ് ആയിരുന്നു. മസ്തിഷ്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഏറെ നാളായി ചികത്സയിലായിരുന്നു. സംസ്കാരം വൈകീട്ട് അവിണിശ്ശേരിയിലെ വീട്ടുവളപ്പിൽ നടക്കും.
32 വർഷമായി മിൽമ ഡറയക്ടർ ബോർഡിലുള്ള ബാലൻ മാസ്റ്റർ 2019 ജനുവരിയിലാണ് ചെയർമാനായത്. അതിന് മുമ്പ് ആറ് വർഷം എറണാകുളം മേഖല ചെയർമാനായിരുന്നു.കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ്, മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ പ്രസിഡൻറ്, സംസ്ഥാന സഹകരണ യൂണിയൻ അംഗം എന്നീ പദവികൾ വഹിച്ച ബാലൻ മാസ്റ്റർക്ക് മികച്ച സംരംഭകനുള്ള ഇന്ത്യൻ ഇക്കണോമിക് റിസർച്ച് അസോസിയേഷൻ അവാർഡും മികച്ച സഹകാരിക്കുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. അഖില കേരള എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡൻറാണ്.
റിട്ടയേർഡ് കെഎസ്എഫ്ഇ ഉദ്യോഗസ്ഥയായ വാസന്തി ദേവി ആണ് ഭാര്യ. തിരുവനന്തപുരം ടെക്നോപാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും, ഐടി വ്യവസായിയുമായ രഞ്ജിത്ത് ബാലൻ, രശ്മി ഷാജി എന്നിവർ മക്കളാണ്. മരുമക്കൾ – ഷാജി ബാലകൃഷ്ണൻ(ദുബായ്), മഞ്ജു രഞ്ജിത്ത്.