ഐഷ സുല്‍ത്താനയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ ആശങ്കയെന്ന് എളമരം കരീം എം.പി . ലക്ഷദ്വീപ് പൊലീസ് ആണ് ആയിഷയുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഐഷയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കൃത്രിമം നടത്തുമോ എന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതര്‍ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്രിമ തെളിവുണ്ടാക്കിയിരുന്നു. ഐഷയ്‌ക്കെതിരെയും ഇത്തരത്തില്‍ കൃത്രിമമായി തെളിവുണ്ടാക്കല്‍ നടക്കുമോ എന്ന ആശങ്കയുണ്ടെന്നാണ് എളമരം കരീം പറഞ്ഞത്. ഇന്ന് പൊലീസ് നടത്തിയ പരിശോധന ബോധപൂര്‍വ്വമായ നടപടിയാണെന്ന സംശയമുണ്ട്. വിഷയത്തില്‍ കോടതിയും സര്‍ക്കാരും ഇടപെടണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.
ഐഷയുടെ വീട്ടില്‍ നടന്ന പരിശോധന ദുരുദ്ദേശത്തോടെയാണെന്നാണ് ആരിഫ് എംപിയും പറഞ്ഞത്. തെളിവുകള്‍ സ്ഥാപിച്ച് ഐഷയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കാനാണ് ലക്ഷദ്വീപ് ഭരണകൂടം ശ്രമിക്കുന്നതെന്നും ആരിഫ് എം.പി ആരോപിക്കുന്നത്.