മലപ്പുറം; പത്രപ്രവർത്തക യൂണിയൻ മലപ്പുറം ജില്ലാ സെക്രട്ടറിയും മാധ്യമം റിപ്പോർട്ടറുമായ കെപിഎം റിയാസിനെ അന്യായമായി പൊലീസ് മർദ്ദിച്ചതിൽ കെ ആർ എം യു സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോവിഡ് മുന്നണി പോരാളികളായ മാധ്യമപ്രവർത്തകരെ തെരുവിലിട്ട് തല്ലിച്ചതച്ചാൽ നോക്കിനിൽക്കാൻ ആകില്ല. സംഭവത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. തിരൂർ സി ഐ ഫർസാദിനെ ഉടൻ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സംഭവത്തിൽ അന്വേഷണം നടത്തണം.ക്രൂരമായ മർദ്ദനമേറ്റ മാധ്യമപ്രവർത്തകന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി വീണ ജോർജ് മുൻകൈയെടുക്കണമെന്നും കെ ആർ എം യു ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകനെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികൾക്ക് കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂനിയൻ മുന്നിട്ട് ഇറങ്ങുമെന്നും സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.