റിയാദ്: സൗദിയിലെ ജിദ്ദയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയിലെ പ്രമുഖ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്‍റെ വധശിക്ഷ നടപ്പാക്കിയത്.
ഏതാനും വർഷങ്ങൾക്ക് മുൻപാണ് അമീർ അലിയെ സൗദി പൗരൻ കൊലപ്പെടുത്തിയത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. കമ്പനിയില്‍ മോഷണം നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് അമീര്‍ അലി കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്ന ശേഷം മൃതദേഹം ഒളിപ്പിച്ചു.
സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ജിദ്ദ ക്രിമിനല്‍ കോടതിയില്‍ നടന്ന വിചാരണയില്‍ കുറ്റം തെളിഞ്ഞതോടെ വധശിക്ഷ വിധിക്കുകയായിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം ജുഡീഷ്യല്‍ കോടതിയും വിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.