തിരുവനന്തപുരം: സംസ്ഥാനത്തിന് 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 1,28,500 ഡോസ് വാക്‌സിനും കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും എത്തിയിട്ടുണ്ട്.
കോഴിക്കോട് അനുവദിച്ച 1,01,500 ഡോസ് വാക്‌സിന്‍ രാത്രിയോടെ എത്തുന്നതാണ്. ബുധനാഴ്ച വന്ന 3.79 ലക്ഷം ഡോസ് വാക്‌സിന് പുറമേയാണിത്. ഇതോടെ സംസ്ഥാനത്തിനാകെ 1,45,37,580 ഡോസ് വാക്‌സിനാണ് ലഭ്യമായത്.
അതേസമയം, കോവിഡ് വാക്‌സിനേഷനില്‍ വയനാട് ജില്ലക്ക് മികവുറ്റ നേട്ടം കരസ്ഥമാക്കി. ജൂലൈ 6 വരെയുള്ള കണക്കനുസരിച്ച് 100 ശതമാനം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മ്മാര്‍ക്കും ഒന്നാം ഡോസും, 87 ശതമാനത്തിന് രണ്ടാം ഡോസും നല്‍കാനായതിലൂടെ ജില്ല സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി.
45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷനിലും ജില്ല ഒന്നാം സ്ഥാനത്താണ്. ഈ വിഭാഗത്തില്‍ 99 ശതമാനത്തിന് ഒന്നാം ഡോസും, 36 ശതമാനത്തിന് രണ്ടാം ഡോസും നല്‍കി. 18-44 പ്രായ പരിധിയിലെ 20 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് നല്‍കി. ജില്ലയില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ള 57 ശതമാനം ആളുകളും ഒന്നാം ഡോസ് സ്വീകരിച്ചു. രണ്ടാം ഡോസ് വാക്‌സിനേഷന്‍ 19 ശതമാനം ആളുകള്‍ക്കും നല്‍കി.
‘