കൊച്ചി: എസ്ഐ ആനിശിവക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പോലീസ് കേസെടുത്തു. ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് കേസ്. സേനയിലെ ഒരാളെ അപമാനിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിപ്പിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.
എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 509, ഐടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതിരൂക്ഷമായ അധിക്ഷേപമാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ആനിശിവക്കെതിരേ ഉണ്ടായിരുന്നത്. ഇതിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
അതേസമയം, കേസെടുത്ത വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സംഗീത ഫേസ്ബുക്കില്‍ പ്രതികരിച്ചു. ചാനലുകളില്‍ നിന്ന് പ്രതികരണത്തിനായി വിളിച്ചപ്പോഴാണ് കാര്യമറിഞ്ഞത്. കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ അങ്ങനെയാണെന്നും അവര്‍ പറഞ്ഞു. എഫ്.ഐ.ആര്‍ കോപ്പി കൈയില്‍ കിട്ടിയ ശേഷം ഭാവി നടപടികള്‍ ആലോചിക്കുമെന്നും അവര്‍ പറഞ്ഞു.