സീരിയല്‍ താരങ്ങളായ യുവകൃഷ്ണയും മൃദുല വിജയ്‌യും വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് രാവിലെ തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്.
കേരളസാരിയുടുത്ത് അതിസുന്ദരിയായാണ് മൃദുല എത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു യുവകൃഷ്ണയുടെ വേഷം. ‘കൃഷ്ണതുളസി’യെന്ന സീരിയലിലൂടെയാണ് മൃദുല വിജയ് ശ്രദ്ധേയയാകുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞില്‍ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടിയത്. ഒരു പൊതുസുഹൃത്ത് വഴി വന്ന വിവാഹാലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു.