കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ഒഴിവാക്കാൻ ഉടൻ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തിൽ ചൊവ്വാഴ്ചയ്ക്കുള്ളിൽ സർക്കാർ മറുപടി നൽകണം. കേസ് പരിഗണിക്കുന്നതിനിടെ ബിവറേജസ് കോർപ്പറേഷനെ കോടതി രൂക്ഷമായി വിമർശിച്ചു. കല്യാണത്തിനും മരണത്തിനും ആളുകളെ നിയന്ത്രിക്കുമ്പോൾ മദ്യശാലകള്‍ക്ക് മുന്നിൽ ആൾക്കൂട്ടമെന്ന് കോടതി കുറ്റപ്പെടുത്തി.
ഇന്ത്യയിലെ കോവിഡ് നിരക്കിൽ മൂന്നിലൊന്ന് കേരളത്തിലാണെന്ന് കോടതി പറഞ്ഞു. കല്യാണത്തിന് 10 പേർക്കും മരണത്തിന് 20 പേർക്കും മാത്രമേ പങ്കെടുക്കാവൂ. എന്നാൽ മദ്യശാലകൾക്ക് മുന്നിൽ എത്ര പേർ വേണമെങ്കിലും ആകാമെന്നതാണ് സ്ഥിതി. ഒരു തരത്തിലുള്ള സാമൂഹ്യഅകലവും പാലിക്കപ്പെടുന്നില്ല. മദ്യവിൽപ്പനയുടെ കുത്തക സർക്കാരിനാണ്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. ജനങ്ങളെ ഇതില്‍ കുറ്റം പറയാന്‍ കഴിയില്ല. ജനങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. അപ്പോൾ വേണ്ട സൗകര്യം ഒരുക്കാനും ബാധ്യത ഉണ്ട്. ജനങ്ങളുടെ ആരോഗ്യമാണ് കോടതിക്ക് പ്രധാനം.
സാധാരണക്കാരായ ജനങ്ങള്‍ക്ക് ഈ ആള്‍ക്കൂട്ടം എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ഇങ്ങനെ കൂടി നില്‍ക്കുന്ന ആളുകളിലൂടെ രോഗം പകരാനുള്ള സാധ്യതയില്ലേ? ക്യുവിൽ നിൽക്കുന്നവർക്ക് കോവിഡ് ഉണ്ടോ ഇല്ലയോ എന്ന് പറയാനാകുമോയെന്നും കോടതി ചോദിച്ചു.
ബെവ്‌കോയ്ക്ക് എതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നിതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിമർശനം. എക്സ്സൈസ് കമ്മിഷണർ അനന്തകൃഷ്ണൻ, ബെവ്‌കോ എംഡി എന്നിവർ കോടതിയിൽ ഹാജരായി.
ഇന്നലെ കോടതി ഇടപെടത്തോടെ പോലീസ് ആളുകളെ നിയന്ത്രിച്ചു തുടങ്ങി എന്ന് തൃശ്ശൂരിലെ ഹർജിക്കാരൻ പറഞ്ഞു. പോലീസുകാർ കോടതി ഉത്തരവ് വായിച്ചിട്ടുണ്ടോ എന്ന് സംശയമാണെന്ന് കോടതി പറഞ്ഞു. ഉത്തരവ് ഇറക്കിയിട്ട് നാല് വർഷമായെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മിപ്പിച്ചു.