കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപിയിൽ പെട്രോൾ വിലയെ ചൊല്ലി തർക്കം. മുഖ്യമന്ത്രി മമത ബാനർജിയെയല്ല, കുതിച്ചുയരുന്ന പെട്രോൾ വിലയെയാണ് എതിർക്കേണ്ടതെന്ന് പശ്ചിമബംഗാൾ പ്രതിപക്ഷനേതാവായ ബിജെപിയിലെ സുവേന്ദു അധികാരിയോട് മുതിർന്ന ബിജെപി നേതാവ് രാജിബ് ബാനർജി.
ജനങ്ങൾ വൻ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റിയ മമത ബാനർജിയെ അനാവശ്യമായി ലക്ഷ്യമിടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃണമൂൽ നേതാക്കളും മന്ത്രിമാരുമായിരുന്ന സുവേന്ദുവും രാജിബും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിലേക്ക് ചേക്കേറിയത്. നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി എംഎൽഎയായ സുവേന്ദു അധികാരി, തൃണമൂൽ വിട്ടതുമുതൽ മമതയുടെ കടുത്ത വിമർശകനാണ്. ഈ സാഹചര്യത്തിലാണ് ആവശ്യത്തിനും അനാവശ്യത്തിനും മുഖ്യമന്ത്രിയെ ഉന്നമിടുന്നതിൽ രാജിബ് വിയോജിപ്പ് പ്രകടമാക്കിയത്.
“സംസ്ഥാനം ഭരിക്കാൻ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ കടന്നാക്രമിക്കരുതെന്ന് ഞാൻ പ്രതിപക്ഷ നേതാവിനോട് അഭ്യർത്ഥിക്കുകയാണ്. ബംഗാളിലെ ജനങ്ങൾ അവരുടെ പാർട്ടിക്ക് 213 സീറ്റുകൾ നൽകിയിട്ടുണ്ട്. അവർക്കെതിരെ അന്യായമായ ആക്രമണം നടത്തുന്നതിന് പകരം, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിലക്കയറ്റം ജനങ്ങളെ കൂടുതൽ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ശ്രമിക്കുക” -രാജിബ് ബാനർജി പറഞ്ഞു.