ലണ്ടൻ: യൂറോ കപ്പ് ഫൈനലിൽ ആദ്യമായി ഇംഗ്ലണ്ട് ബൂട്ടണിയും. ഡെന്മാർക്കിനെ വീഴ്ത്തിയാണ് ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയത്. അധിക സമയത്തേക്കു നീണ്ട രണ്ടാം സെമിയിൽ ഡെൻമാർക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ഹാരി കെയ്നും സംഘവും പതിറ്റാണ്ടുകളായുള്ള നാടിെൻറ കാത്തിരിപ്പിന് സാഫല്യമേകി യൂറോ ഫൈനൽ ബർത്ത് ഉറപ്പാക്കിയത്.
ആദ്യം ഗോളടിച്ച് മുന്നിൽനിന്ന ഡെന്മാർക്ക് പിന്നീട് ക്യാപ്റ്റന്റെ ബൂട്ടിൽനിന്ന് സ്വന്തം പോസ്റ്റിൽ നിറയൊഴിച്ച് സമനില നൽകുകയും അധിക സമയത്ത് ഹാരി കെയ്ന്റെ ഗോളിൽ പരാജയം സമ്മതിക്കുകയുമായിരുന്നു.
30ാം മിനിറ്റിൽ ഇളമുറ താരം ഡാംസ്ഗാർഡിലൂടെ ഡെൻമാർക്ക് ആണ് ആദ്യ ഗോൾ നേടിയത്. ഒന്നാം പകുതി പിരിയാൻ അഞ്ചു മിനിറ്റ് ബാക്കിനിൽക്കെ ബുകായോ സാക റഹീം സ്റ്റെർലിങ്ങിന് പാകത്തിൽ നൽകിയ ക്രോസിന് കാൽവെച്ചത് പക്ഷേ, ഡാനിഷ് ക്യാപ്റ്റൻ സിമോൺ കെയർ തട്ടിയകറ്റിയത് ഷ്മിഷേലിനെയും കടന്ന് സ്വന്തം വലയിൽ. സ്കോർ 1-1.
രണ്ടാം പകുതിയിൽ ഗോളുകൾ ഇരു ടീമിനും നേടാനായില്ല. അധിക സമയത്തെ ഹാരി കെയ്ൻ ഗോളിലാണ് ഇംഗ്ലണ്ട് വിജയമുറപ്പിച്ചത്. റഹീം സ്റ്റെർലിങ്ങിനെ ജൊആകിം മീഹൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി തടുത്തിട്ട് ഷ്മിഷേൽ ശ്രമം നടത്തിയെങ്കിലും റീബൗണ്ടിൽ കെയ്ൻ കാലുവെച്ച് വല കുലുക്കി.
ഞായറാഴ്ചയാണ് യൂറോ കപ്പിന്റെ കലാശ പോരാട്ടം. അന്ന് ഇംഗ്ലണ്ട്, അയൽക്കാരായ ഇറ്റലിയെ നേരിടും.