ന്യൂഡൽഹി:
മാറ്റങ്ങൾ വരുത്തിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്. മന്ത്രി പദവി നഷ്‌ടമായ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി പാര്‍ട്ടി ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. ആറു വനിതകള്‍ കൂടി വന്നതോടെ കേന്ദ്ര മന്ത്രിമാരില്‍ സ്ത്രീകളുടെ എണ്ണം 11 ആയി. പട്ടിക വിഭാഗങ്ങളില്‍ നിന്ന് മന്ത്രിമാരുടെ എണ്ണം 20 ആയി. പുതിയ സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായ്ക്കാണ്.
മന്ത്രിസഭയിലേക്ക് എത്തിയ അസം മുന്‍ മുഖ്യമന്ത്രി സര്‍ബനാനന്ദ സോനോവാളിന് തുറമുഖം ജലഗതാതം ആയുഷ് മന്ത്രാലയങ്ങളുടെ ചുമതലയാണ് നൽകിയത് . കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് വ്യോമയാന മന്ത്രി. നിര്‍ണ്ണായക മാറ്റങ്ങള്‍ നടന്ന ആരോഗ്യം, ഐടി, വാര്‍ത്തവിതരണം, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കും പുതിയ ചുമതലയായി.
ഹര്‍ഷ് വര്‍ധന് പകരം മന്‍സൂഖ് മാണ്ഡവ്യയാണ് ആരോഗ്യമന്ത്രി. രവി ശങ്കര്‍ പ്രസാദിന് പകരം ഒഡീഷ എംപി അശ്വിനി വൈഷ്ണോവാണ് ഐടി മന്ത്രി. നിയമ മന്ത്രാലയത്തിന്‍റെ ചുമതല കിരണ്‍ റിജിജുവിനാണ്. അനുരാഗ് ടാക്കൂറിന് വാര്‍ത്ത വിതരണവും, ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചുമതലയുമാണ്.
മലയാളിയും കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യ വികസനം, ഇലക്‌ട്രോണിക്സ്, ഐടി സഹമന്ത്രിയായി. വിദേശ കാര്യം, പാര്‍ലമെന്‍ററി കാര്യ സഹമന്ത്രിയായി വി മുരളീധരന്‍ തുടരും.