തിരുവനന്തപുരം: കോവിഡ് ലോക്ഡൗൺ പ്രതിസന്ധി മൂലം വാടക സാധന വിതരണ മേഖലയിലെ 13 സംരംഭകർ ആത്മഹത്യ ചെയ്തുവെന്നും, ഇനിയുമൊരാത്മഹത്യ കൂടി താങ്ങാൻ കഴിയില്ലായെന്നും കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ടി. വി. ബാലൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാനത്തെ 518 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സമരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 16 മാസമായി തൊഴിൽ എടുക്കാൻ കഴിഞ്ഞില്ല. 20000 സംരംഭകർ, 2 ലക്ഷം തൊഴിലാളികൾ ഉൾപ്പെടുന്ന മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യകൾ വർദ്ധിക്കുന്നതെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
പന്തൽ-ഡെക്കറേഷൻ-ലൈറ്റ് & സൗണ്ട് മേഖലയെ അവശ്യ സർവ്വീസ് ആയി പ്രഖ്യാപിക്കുക, വാക്സിനേഷൻ എടുത്തവരെ മാത്രം ഉൾക്കൊള്ളിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 500 പേരെ വരെ ഉൾക്കൊള്ളിച്ച് പൊതു പരിപാടികൾ അനുവദിക്കുക, സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ കോവിഡ് ഉത്തേജക പാക്കേജിൽ വാടക സാധന വിതരണ മേഖലയെ ഉൾപ്പെടുത്തുക,ഓടാതെ കിടക്കുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. കമലാലയം സുകു അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ്, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ. എസ്. വി. ജയൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. എസ്. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ ശ്രീ. എം. പ്രദീപ്, ലൈറ്റ് & സൗണ്ട് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. രാജൻ, നേതാക്കളായ മുറിഞ്ഞപാലം മണിയൻ, സലാഹുദ്ദീൻ, പി. കെ. എ. അനിൽകുമാർ, സന്തോഷ് കെ.ആർ.ജി തുടങ്ങിയർ സംസാരിച്ചു. ശവമഞ്ചം ഒരുക്കിയാണ് സമരം നടത്തിയത്.