തിരുവനന്തപുരം: ജൂലൈ 24 ന് നടത്താനിരുന്ന കേരള എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ മാറ്റിവച്ചു. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകൾ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ അറിയിച്ചു.
ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പരീക്ഷയ്ക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസരവും തല്‍ക്കാലത്തേക്ക് നിറുത്തിവച്ചിരിക്കുകയാണ്. ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
അതേസമയം, ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്റ്റ് രണ്ടുവരെയുമാണ് നടക്കുക.